ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഗാന്ധിജയന്തി : ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ് പരിപാടി ഊര്‍ജിതമാക്കും


ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ്, മിഷന്‍ സ്വച്ഛഭാരത് പരിപാടികള്‍ ഊര്‍ജിതമായി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ സമ്പൂര്‍ണ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ് കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന് എല്ലാ വിദ്യാലയാധികൃതരും നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിയായ മിഷന്‍ സ്വച്ഛ ഭാരത് നടപ്പാക്കുന്ന ഒരു മാസത്തെ ശുചിത്വ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇതര വകുപ്പുകളോടൊപ്പം വിദ്യാഭ്യാസ വകുപ്പും പങ്കെടുക്കും. ഓരോ ജില്ലയിലെയും പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ മേല്‍നോട്ടത്തിലാവും നടപ്പാക്കുന്നത്. നിയോഗിക്കപ്പെട്ട മന്ത്രിമാരും ജില്ലയും ചുവടെ. തിരുവനന്തപുരം - വി.എസ്. ശിവകുമാര്‍, കൊല്ലം - ഷിബു ബേബിജോണ്‍, പത്തനംതിട്ട - അടൂര്‍ പ്രകാശ്, ആലപ്പുഴ - രമേശ് ചെന്നിത്തല, കോട്ടയം - കെ.എം. മാണി, ഇടുക്കി - പി.ജെ. ജോസഫ്, എറണാകുളം - കെ. ബാബു, തൃശൂര്‍ - സി.എന്‍. ബാലകൃഷ്ണന്‍, പാലക്കാട് - എ.പി. അനില്‍കുമാര്‍, മലപ്പുറം - പി.കെ. കുഞ്ഞാലിക്കുട്ടി,
കോഴിക്കോട് - ഡോ. എം.കെ. മുനീര്‍, വയനാട് - പി.കെ. ജയലക്ഷ്മി, കണ്ണൂര്‍ - കെ.സി. ജോസഫ്, കാസര്‍ഗോഡ് - കെ.പി. മോഹനന്‍ എന്നിവര്‍ക്കാണ് ചുമതല. ഒക്ടോബര്‍ രണ്ട് മുതല്‍ പത്ത് വരെ ദിവസങ്ങളില്‍ സ്‌കൂളുകള്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സ്‌കൂള്‍ അസംബ്ലി സംഘടിപ്പിച്ച് ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുകയും ഗാന്ധിയന്‍ ചിന്തകളെ സംബന്ധിച്ചും അതിന്റെ ആനുകാലിക പ്രസക്തിയെ സംബന്ധിച്ചും സന്ദേശം നല്‍കുകയും വേണം. ഇത് അധ്യാപകര്‍ നേരിട്ടോ പുറമെ നിന്നുള്ള പ്രമുഖ വ്യക്തികളെക്കൊണ്ട് നടത്തിക്കുകയോ ചെയ്യാം. ഗാന്ധിജിയെപ്പറ്റിയുള്ള ഗാന്ധി, മേക്കിങ് ഓഫ് മഹാത്മ എന്നീ സിനിമകളില്‍ ഏതെങ്കിലുമൊന്ന് പ്രദര്‍ശിപ്പിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളും ഫര്‍ണിച്ചറുകളും വൃത്തിയും വെടിപ്പുമുള്ളതാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസര പ്രദേശങ്ങളില്‍ (മുറ്റം, ഗ്രൗണ്ട് തുടങ്ങിയവ) ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പരമാവധി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സുരക്ഷിതമായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലെയും ശുചിമുറികളിലെയും മറ്റും ചുമരുകള്‍ ചായം പൂശുക, മതിയായ ശുചിമുറികള്‍ നിര്‍മ്മിക്കുക, മലിനജലം കെട്ടിക്കിടക്കാതിരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ നടപ്പാക്കുക, പച്ചക്കറിത്തോട്ടം/പുന്തോട്ടം നിര്‍മ്മിക്കുക, കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കുക, കിണറുകളും കുടിവെള്ള ടാങ്കുകളും വൃത്തിയാക്കുക, പൊട്ടിയ ടാപ്പുകള്‍ നന്നാക്കുക, പ്ലാസ്റ്റിക് കവറുകള്‍ നിക്ഷേപിക്കുന്നതിനും നശിപ്പിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുക, മറ്റ് ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനും നശിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ നടപ്പാക്കുക, ഉച്ചഭക്ഷണം തയ്യാറാക്കുന്ന അടുക്കള, പാത്രങ്ങള്‍, പരിസരം എന്നിവ വൃത്തിയും വെടിപ്പുമുള്ളതാക്കുക തുടങ്ങിയവയും ചെയ്യണം. മദ്യത്തിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ഉപയോഗം മുലമുള്ള ദൂഷ്യവശങ്ങള്‍ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം എന്നിവ പ്രചിരിപ്പിക്കുന്നതിനായി പ്ലക്കാര്‍ഡുകളും മറ്റും ഉള്‍പ്പെടുത്തി റാലികള്‍ സംഘടിപ്പിക്കണം. വിദഗ്ദ്ധരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഇക്കാര്യത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. മിഷന്‍ സ്വച്ഛ ഭാരത് : നിര്‍ദ്ദേശങ്ങള്‍ ദേശീയ പരിപാടിയായ മിഷന്‍ സ്വച്ഛ ഭാരത് ആചരിക്കുന്നതിന്റെ ഭാഗമായി ഇനിപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, സന്നദ്ധ സംഘടനകള്‍, അധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍, എന്‍.സി.സി/എന്‍.എസ്.എസ്/സ്‌കൗട്ടസ് എന്നിവയുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ശ്രമിക്കണം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കലാ-സാഹിത്യ ഉപാധികള്‍ പ്രയോജനപ്പെടുത്തണം. സ്‌കൂളും, പരിസരവും വൃത്തിയാക്കുന്നതോടൊപ്പം ഈ കാലയളവില്‍ സ്വന്തം വീടും പരിസരവും വൃത്തിയാക്കാന്‍ പരിശ്രമിക്കണമെന്ന ഒരു സന്ദേശം കൂടി കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്. സ്വന്തം വിദ്യാലയം ശുചീകരിക്കുന്നതോടൊപ്പം പരിസരത്തുള്ള ഒരു പൊതുസ്ഥലം (ആശുപത്രി, ബസ് സ്റ്റാന്റ് മുതലയാവ) പൊതുശ്രദ്ധ കിട്ടത്തക്കവിധത്തില്‍ ശുചീകരിക്കണം. ഓരോ കുട്ടിയും ശുചിത്വപരിപാലനത്തിന്റെ അംബസഡര്‍മാരായി സ്വയം കരുതണമെന്നും ആ ബോധ്യത്തോടെ പെരുമാറണമെന്നും അവരില്‍ അവബോധം സൃഷ്ടിക്കുന്ന പരിപാടികള്‍ നടപ്പാക്കാം. നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്‌കൂളിന് സമ്മാനം നല്‍കും. പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചടി/ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചാരണം നല്‍കണം. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ ഉദ്യോഗസ്ഥരും അവരവരുടെ വാസസ്ഥലത്തിന് സമീപമുള്ള സ്‌കൂളുമായി ബന്ധപ്പെട്ട് ഈ കാലയളവിനുള്ളിലെ അവധി ദിവസങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവണം. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാതല മോണിറ്ററിലങ് സമിതി/സ്‌കൂള്‍തല സമിതികളും പ്രത്യേക പി.ടി.എ/എസ്.എം.സി യോഗങ്ങളും ചേരേണം. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം/ലഹരി വിരുദ്ധ ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടെയും സമിതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തുക. ഈ പരിപാടി സംബന്ധിച്ച് സ്‌കൂള്‍ അസംബ്‌ളിയില്‍ ഈ കാലയളവില്‍ നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ഭാവി പ്രവര്‍ത്തനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതം സ്‌കൂള്‍ മേധാവികള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്കും ഡി.പി.ഐ.യ്ക്കും അയച്ചുകൊടുക്കേണ്ടതും അവ ക്രോഡീകരിച്ച് വകുപ്പധ്യക്ഷന്‍മാര്‍ക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.

Post a Comment

Previous Post Next Post